Sponsered link




നൂറ്റിനാൽപ്പത് - നൂറ്റിപ്പത്ത്! (A number Game!!)

ഞാനൊന്നു ചുമ്മാ തിരിഞ്ഞു നോക്കി, കഴിഞ്ഞ ആറു മാസം എങ്ങനെ തിന്നു എന്ന്. ജോയിൻ ചെയ്തത് മുതൽ പാർട്ടികൾ ആണ്. ജോയിൻ പാർട്ടി, ഐഡി കാർഡ് പാർട്ടി, ഫസ്റ്റ് സാലറി പാർട്ടി..... എല്ലാം നോൺ വെജ്.

ഇനി വീണ്ടും തിരിഞ്ഞു നോക്കാം. നാല് മാസം കൂടി പിന്നോട്ട്....,
ട്രെയിൻ ഇറങ്ങി എല്ലാ ദിവസവും അരമണിക്കൂർ നടന്നാണ് ഓഫീസിൽ എത്തുന്നത്. മൂന്നു കിലോമീറ്റർ ദൂരം. വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണം മാത്രം. ആഴ്ചയിൽ കല്യാണമുണ്ടായാൽ അന്ന് ബിരിയാണി. ഹോട്ടലിൽ നിന്ന് ഒന്നും കഴിച്ചിരുന്നില്ല! കാശു കൊടുത്ത് ഒന്നും വാങ്ങി കഴിക്കാറും ഇല്ല! തിരിച്ചു പോവുന്നതും നടന്ന് തന്നെ! അവിടെന്ന് റിസൈൻ ചെയ്ത് ചെന്ന് പെട്ടത് തീറ്റക്ക് യാതൊരു പഞ്ഞമില്ലാത്തിടത്തും !!


കോഴിക്കോട് സംസം റെസ്റ്റോറന്റിൽ നിന്നാണ് ലിജിനേട്ടന്റെ ഭാര്യക്ക് വിശേഷമുണ്ടെന്നും പറഞ്ഞ് മൂപ്പരെ പഞ്ഞിക്കിട്ടത്. റൊട്ടി, ചിക്കൻ ചുക്ക, പൊറോട്ട, റുമാൽ റൊട്ടി, ഫുൾ ചിക്കൻ, അൽഫാം., മയേണസ്, ക്രഷർ അവസാനം ഐസ്ക്രീം .

പിന്നെ എനേറെയും ബെന്നെറ്റിനേറെയും ഫസ്റ്റ് സാലറി പാർട്ടി, ശിവയുടെയും... എല്ലാം സംസം .അതേ മെനു . പിന്നെ ക്രെഡിറ്റ് കാർഡ് വന്നപ്പോ നേരെ ഗാർലിക്ക് റൂട്ട്സ് റെസ്റ്റോറന്റ്. അവിടെ "ഫിസ് " ബിരിയാണി ആണ് സ്പെഷൽ . ഫിഷ് എന്ന് മര്യാദക്ക് ഉച്ചരിക്കാൻ അറിയാത്ത ഒരു സിക്കിം ലേഡിയാണ് ബിയറർ. സുന്ദരി. അതിനു പുറമെ ചെമ്മീൻ ബിരിയാണി, ഫ്രൈഡ് റൈസ്, ന്യൂഡിൽസ്, പിന്നെ ജ്യൂസും. ഞങ്ങൾ ആറു പേർക്ക് രണ്ടായിരത്തിൽ കൂടാത്ത ബില്ലും.

പിന്നെ പുട്ടില് തേങ്ങ ഇടുന്ന പോലെ റഹ്മത്ത് ഹോട്ടൽ, അവിടത്തെ ബിരിയാണി പ്രശസ്തമാണ്. കാട ബിരിയാണി, അയ്ക്കൂറ ബിരിയാണി, റോസ്റ്റഡ് ബീഫ് ബിരിയാണി, അവസാനം മിന്റ് ലൈം അല്ലെങ്കിൽ ലൈം ടീ.

ഇതിനു പുറമെ ശനിയാഴ്ചകളിൽ ഏതെങ്കിലും ഹോട്ടലിൽ കയറി മൃഷ്ടാന ഭോജനം. ബോംബെ ഹോട്ടൽ, ടോഫോം, ആര്യഭവൻ,  വസന്ത് ഭവൻ (വട, മസാല ദോശ, പൂരി, കാപ്പി സൂപ്പറ് ഇവിടെ ) പാരഗൺ അങ്ങനെ അങ്ങനെ....!

പനി വന്ന് രണ്ട് രൂപ കൊടുത്ത് ഡോക്ടറെ കാണിക്കാനായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയി. രാജീവ് ഡോക്ടർ ചുമ്മാ എന്റെ ബി.പി ഒന്ന് നോക്കി. "നൂറ്റിനാൽപ്പത് - നൂറ്റിപത്ത് "നോൺ വെജ് കുറക്കണമെന്നും അച്ചാറും പപ്പടവും ഒഴിവാക്കാനും ഉപദേശിച്ചു. സാധാരണ വേണ്ടത് , 120-80 ആണ്. എന്റെ ബോർഡർ ലൈനിലാണെന്നും .

അന്ന് മുതൽ വീണ്ടും പുറകിലോട്ട് സഞ്ചരിച്ചു. ഒന്നും കഴിക്കാതെ കാശ് ലാഭിച്ചു നടന്നപ്പോ ഉണ്ടായ മനസ്സമാധാനം മൊത്തം പോയി. 67 കിലോ ഉണ്ടായിരുന്ന ഞാൻ ആറ് മാസം കൊണ്ട് 75 കിലോയിൽ എത്തി. പഴയ ഫോട്ടോയും കണ്ണാടിയിലും നോക്കി ഞാൻ അയവിറക്കി. മുഖം ഒക്കെ തടിച്ചു. താടിയുടെ താഴെ വരെ തടിച്ചു നിൽക്കുന്നു.

എങ്ങനെയെങ്കിലും ഒന്നു മെലിയാൻ തന്നെ തീരുമാനിച്ചു. ഒടുവിൽ അഞ്ച് മുപ്പതിന് അലാറം വെച്ച് തുടങ്ങി. ആദ്യം മടിച്ചു, പിന്നീട് ശീലമായി . ചെറിയ പുശ് അപ്പ് ഒക്കെ ഇട്ടു. കോണിയിൽ കേറാനും ഇറങ്ങാനും തുടങ്ങി. അര മണിക്കൂർ ശീലമാക്കി. ബിരിയാണി, മീൻ, അച്ചാറ് പപ്പടം ഒക്കെ ഒഴിവാക്കി.
" മീനില്ലാതെ ചോറ് ഇറങ്ങാത്ത ചെക്കനാ! ഇപ്പോ ഒന്നും വേണ്ട" - ഉമ്മ സങ്കടം പറഞ്ഞു.

എന്നാലും ഓഫീസെത്തിയാ വീണ്ടും കഥ മാറും. രാവിലെ വൈശാഖ് പാർസെൽ പറയും, അപ്പോ അന്നത്തെ ദിവസം പോക്കാ. "ചുമ്മാ തിന്നാതിരുന്നിട്ടെന്നാ? ഏതായാലും തീരാനുള്ളതാ!, തിന്നിട്ടു ചാവുന്നെങ്കി ചാവട്ടെ!" സെഞ്ചുറി അടിച്ച് നിൽക്കുന്ന വൈശാഖിന്റെ വാക്കുകൾ. ഒറ്റ ഇരിപ്പിനു രണ്ട് ബീഫ് ബിരിയാണി അകത്താക്കുന്നവൻ!

രണ്ട് മാസം പിന്നിട്ടു. ഒരു മാറ്റവും ഇല്ല. ആയിടെ, എന്തെന്നില്ലാതെ തലയിലൊക്കെ കുരു വന്നു തുടങ്ങി. നെറ്റത്ത് ചുവന്ന് തടിച്ച കുരു. പനി വന്നപ്പോ എല്ലാവരും പറഞ്ഞു ഇത് ചിക്കൻപോക്സ് ആണെന്ന്. ഞാൻ തൊട്ടടുത്തുള്ള ഡോക്ടറെ കാണിച്ചപ്പോ കുഴപ്പമൊന്നും ഇല്ലാന്ന് പറഞ്ഞ്, ഓയിൽമെന്റ് തന്നു.

രണ്ട് ദിവസം കഴിഞ്ഞ് ഓഫീസെത്തി, ചുമ്മാ കണ്ണാടി നോക്കിയപ്പോ ചറപറാ കുരു. കോഴിക്കോട് കോ-ഓപ്പറേറ്റിവ് ആശുപത്രിക്കു വെച്ചു പിടിച്ചു. ഡോക്ടർ ഉറപ്പിച്ചു. "ചിക്കൻപോക്സ്" .... കൂടെ വന്ന രാകേശേട്ടൻ കൂളായി പറഞ്ഞു. ഒരു തവണ വന്നാ പിന്നെ വരില്ലത്രെ ....!

പിന്നീടങ്ങോട്ട്... ഏഴാകാശവും സ്വർഗ്ഗവും പിന്നെ ഇതുവരെ കാണാത്ത പലതും കണ്ടു. അജ്ജാതി പനി. മൂന്നു ദിവസത്തേക്ക് കഞ്ഞി, ബ്രഡ്., ഇളനീർ അത് മാത്രം. റോബസ്റ്റ, ആപ്പിൾ പുറമെ . ആര്യ വേപ്പിന്റെ ഇല ചൂടുവെള്ളത്തിലിട്ടുള്ള കുളിയും . കുരു വരാത്ത ഒരു സ്ഥലം പോലുമില്ല. നെറ്റത്ത് ഒരു പൊട്ടും തൊട്ടു.

അഞ്ച് നേരം കഴിക്കാനുള്ള നീളമുള്ള ഗുളികയുടെ സഹായം കൊണ്ട് ഏഴു ദിവസം കൊണ്ട് എല്ലാം പഴയ പോലെയായി. മുഖത്തെ പാടുകളും ശരീരത്തിന്റെ സ്റ്റാമിനയും ഒഴിച്ചാൽ. തൂക്കം നോക്കിയപ്പോ അറുപത്തി ഒൻപത് ! ബി.പി 125-85.

ആ സന്തോഷത്തിൽ, ബെന്നറ്റിനും, ഷിനോയ്ക്കും, പിന്നെ ബിഗ് ബ്രദർ വൈശാഖിനും, പുതിയ സെയിൽസ് മേനേജർക്കും, എന്റെ രണ്ട് പെങ്ങന്മാർക്കും ചിക്കൻപോക്സിനെ വൈറസ് കൈമാറി. അന്ന് തന്നെ ഫീലിംഗ് പ്രൗഡ് എന്നും പറഞ്ഞ് പോസ്റ്റി ഫേസ് ബുക്കിന്റെ ലോഗൗട്ട് ബട്ടൺ ക്ലിക്കി!

                       - ശുഭം -



തീറ്റയും ഒപ്പം ശ്രദ്ധയും വേണമെന്ന് മാത്രം ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്. എന്തു കണ്ടാലും തിന്നു തീർക്കുന്ന ബിഗ് ബ്രദർനും  അതിന്റെ പകുതിയുടെ പകുതി മാത്രം തിന്ന് ഊതിയാ തെറിക്കുന്ന ശരീരവുമുള്ള എന്റെ ചെറിയ ഉണ്ടക്കണ്ണിക്കും ഈ കുറിപ്പ് സമർപ്പിക്കുന്നു.

                                           എന്ന്,
                                                     സുഹൈൽ സൂർപ്പിൽ.