Sponsered link




ആശ്വാസ്

മെഷീൻ ഷട്ട് ഡൌണ്‍ ചെയ്തു വാച്ചിലേക്ക് നോക്കിയപ്പോ 6 മണി കഴിഞ്ഞു 35 മിനിറ്റ്. സകല തെറിയും മുതലാളിയെ വിളിച്ചു, പുറകിലെ പവർ സ്വിച്ച് എല്ലാം  ഓഫാക്കി വീണ്ടും മുതലാളിയുടെ ഫോണിലേക്ക് വിളിച്ചു:


             "ആ സാറേ, ഞാൻ മെയിൽ അയച്ചിട്ടുണ്ട്. ഒന്ന് കണ്‍ഫേം ചെയ്തോളൂ.."
              "ആയിക്കോട്ടെ, എന്നാ ഉമ്മാടെ കുട്ടി പൊയ്ക്കോ."
               "അപ്പൊ ശരി."

അല്ലെങ്കിലും പണി ഒക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോ മോയലാളിമാര്ക്ക് ഇതൊന്നും ഓര്മ്മ കാണില്ല. 5 മണിക്ക്  പോകാൻ ഒരുങ്ങുമ്പോഴേ  അവര്ക്ക് ഇതൊക്കെ ഓര്മ്മ കാണൂ. അങ്ങനെ കഴിഞ്ഞ മൂന്നു മാസത്തെ എല്ലാ കാര്യങ്ങളും തപ്പി എടുത്തു കാര്യങ്ങൾ തീര്തപ്പോഴേക്കും ഒരു പരിവമായി.

        ഷട്ടർ ഇട്ടു, കോണി പടികൾ ചാടി ഇറങ്ങി. ഓടി, വാച്ചിലേക്ക് ഇടക്ക് ഇടയ്ക്കു നോക്കും. ഇനി ഇപ്പൊ നാട്ടിൽ എത്താൻ അവസാനത്തെ ബസ്‌ തന്നെ പിടിക്കണം. ഉള്ള എനർജി എല്ലാം പോയി, തലയും പെരുത്ത്‌ ഒരു വിധത്തിൽ ബസ്സിനടുതെത്തി. ഡോറിനു ചുറ്റും നിറയെ സ്കൂൾ കുട്ടികൾ. അവർ ബസ്‌ പുറപ്പെടാൻ നേരത്തെ കയറാൻ പാടുള്ളൂ. അതാണ് അവിടത്തെ നിയമം. അവരുടെ ഇടയിലൂടെ നുഴഞ്ഞു കേറിയപ്പോ അധികം ആരും ഇല്ല. ഇനിയും 15 മിനിറ്റ് എടുക്കും സ്റ്റാർട്ട്‌ ചെയ്യാൻ. ജനാൽ ഭാഗത്ത്‌ ഇരുന്നു പുറത്തേക്കു നോക്കി. ഹാങ്ങ്‌ ഓവർ ഇത് വരെ മാറിയില്ല. എത്രയും പെട്ടെന്ന് വീടെത്തിയാ മതി. പറക്കാൻ രണ്ടു ചിറകുണ്ടെങ്കിൽ ഇപ്പൊ വീട്ടിൽ എത്താമായിരുന്നു.

        പേഴ്സ് എടുത്തു കാശ് എടുത്തു പോകറ്റിൽ ഇട്ടു. കുറച്ചു നേരം സീറ്റിൽ തല വെച്ച് ഒന്ന് കണ്ണടച്ചു. അപ്പോഴും തലയിൽ ശിങ്കാരി മേളം നടക്കുന്നുണ്ടായിരുന്നു. വീണ്ടും വാച്ചിൽ നോക്കി. പുറത്തേക്കും, മഴ പെയ്യാനായി ഒരുങ്ങി നില്ക്കുന്നു. പെട്ടെന്ന് എത്തിയിരുന്നെങ്കി, ബെഡിൽ കാലു നിവര്ത്തി ഒന്ന് മയങ്ങാമായിരുന്നു. ബസ്‌ പുറപ്പെടുന്ന ഒരു ലക്ഷണവും കാണുന്നില്ല. അപ്പൊ ഫോണ്‍ റിംഗ് ചെയ്തു. പരിചയമില്ലാത്ത നമ്പർ. ചാടിക്കേറി അറ്റൻഡ് ചെയ്തു.

                "ഒന്നമർതൂ, അല്ലെങ്കി മറ്റൊരു ഓഫർ നായി രണ്ട്  അമർത്തൂ"

ഇത് കേട്ടതും ഫോണ്‍ പുറത്തേക്ക് എറിയാൻ തോന്നി. അല്ലെങ്കിലും ഈ നേരത്തെ ഇങ്ങനെയുള്ള സകലമാന പണികളും വരിക. ഇന്നാരെയാണോ കണി കണ്ടത്. നശിച്ച ഒരു ദിവസം.


ഹാവൂ, ഡ്രൈവർ കയറി, കിളി വന്നു, ബെൽ അടിച്ചു.

        "വേഗം നോക്ക്, വേഗം കയറൂ," അയാൾ ഡോറിൽ തട്ടി കുട്ടികലെ തള്ളി കയറ്റാൻ തുടങ്ങി. ബസ്സിലെ ക്ലീനെർ ഒരു ദിവസം ഏറ്റവും കൂടുതൽ പറയുന്ന വാക്കുകൾ ആയിരിക്കും അവ. അവർ കയറിയപ്പോഴേക്കും ബസ്‌ നിറഞ്ഞു. കൂടുതൽ പെണ്‍കുട്ടികൾ ആയിരുന്നു. കുറെ "അച്ചടക്കമുള്ള" പെണ്‍കുട്ടികൾ എന്റെ സീറ്റിനു നേരെ വന്നു നിന്നു. 

       "എടീ, ഇന്നത്തെ ബയോളജി ഭയങ്കര ബോറയിരുന്നു, അല്ലെ?"

        "അയ്യോ, നാളെ ഫിസിക്സ് ക്ലാസ്സ്‌ ടെസ്റ്റ്‌ അല്ലെ?, ഞാൻ ഒന്നും നോക്കിയിട്ടില്ല."

അതിന്റെ കൂടെ ഏറ്റു പാടാൻ മറ്റുള്ളവരും, ഈ വീമ്പു പറയുന്നവൾ ഇടക്ക് നോക്കുന്നുണ്ട്. മനുഷ്യനാനെങ്കി, കുറച്ചു സമാധാനം കിട്ടിയാ മതി. അപ്പോഴ അവരുടെ ബയോളജിയും ഫിസിക്സും. അല്ലെങ്കിലും ഇവളുമാരൊക്കെ കല്യാണം കഴിയുന്നത്‌ വരെ ഉണ്ടാവും ഈ വീമ്പു പറച്ചിൽ. ഭാവം കണ്ടാലോ അടുത്ത സൈൻടിസ്റ്റ് ആണെന്നാ..! കുറച്ചു നേരം കൂടി അവരെ സഹിക്കേണ്ടി വന്നു.

     ശല്യം തീർന്നല്ലോ എന്ന് കരുതി ഒന്ന് കണ്ണടച്ചു. അപ്പൊ പിറകിൽ നിന്നും ഭയങ്കര കശപിശ. കണ്ടെക്ടർ  മൂക്കത്ത് ശുണ്ടി ഒളിപ്പിച്ച വിദ്യാര്തിയോടു കയർക്കുന്നു. രണ്ടു പേരും വിട്ട് കൊടുക്കുന്നില്ല. ഐഡന്റിറ്റി കാർഡ്‌ ഇല്ലാത്തതു കൊണ്ട് കൻസെസ്സൻ തരാൻ പറ്റില്ലാന്നു. കാർഡ്‌ കിട്ടാത്തത് കൊണ്ടാണെന്ന് അവനും. അവസാനം തന്തക്കു വിളിയും കേട്ടു. ബസ്‌ നിർത്തി. അവനെ ഇറക്കി വിടാൻ. അവൻ ഇറങ്ങാൻ കൂട്ടാക്കിയില്ല. സമയം ഇഴഞ്ഞു നീങ്ങി. വാച്ചിൽ നോക്കി എല്ലാവരെയും പ്രാകി. ഇനി അവന്റെ കാശ് വേണേൽ കൊടുക്കാം, എന്നാലെങ്കിലും ബസ്‌ നീങ്ങുമല്ലോ. എന്ത് ഗുണം പിടിക്കാത്ത ദിവസമാണോ ഇന്ന്.

       മറ്റു യാത്രക്കാര് ഇടപെട്ടു രംഗം ശാന്തമാക്കി. യാത്ര തുടർന്നു. 

വീര്പ്പിച്ച മുഖവുമായി കണ്ടക്ടർ അയാളുടെ പണി തുടർന്നു. കയ്യിൽ കരുതിയ 10 രൂപ നോട്ടെടുത്ത് നീട്ടി. കൂടെയിരിക്കുന്ന യാത്രക്കാരൻ കാശ് കൊടുക്കാൻ തുനിഞ്ഞതും കണ്ടക്ടർ രുടെ ഫോണ്‍ അടിച്ചു.

   "ആ, ഞാൻ വിളിച്ച.. അവിടെ എത്തട്ടെ"

അയാൾടെ മുഖഭാവം കണ്ടിട്ട് ഭാര്യയോ,കാമുകിയോ ആണ് വിളിച്ചത് എന്ന് തോന്നുന്നു. ദേഷ്യത്തിൽ ഫോണ്‍ പോക്കെറ്റിൽ ഇട്ടു,  പിന്നെ അടുത്ത സീറ്റിലേക്ക് അയാളുടെ കൈ നീണ്ടു. കൂടെ സീറ്റിൽ ഇരിക്കുന്നയാൾ 10 രൂപ നോട്ട് കയ്യിലിട്ടു ചുരുട്ടുന്നത് കണ്ടു. എന്നിട്ട് രണ്ടു ഭാഗത്തേക്കും നോക്കി ഒരു കള്ളനെ പോലെ തന്റെ പോക്കെറ്റിൽ ഇട്ടു. സത്യത്തിൽ അയാൾ കാശ് കൊടുത്തില്ല. ഇത്രയും തെരക്കുള്ള സമയത്ത് കണ്ടക്ടർ ഒരു തവണ കൂടി വരികയും ഇല്ല.

   അയാൾ ചെയ്തത് ഫെയർ ആണോ? അതോ അണ്‍ഫെയർ ആണോ? അല്ലെങ്കിലും ബസ്‌ "ഫെയർ സ്റ്റേജ് "ഫെയർ ആണോ? ഇടയ്ക്കിടയ്ക്ക് ബസ്‌ ചാർജ് കൂട്ടുന്നത്‌ ഫെയർ ആണോ?? ഇങ്ങനെ ഒരു ഡസനോളം ചോദ്യങ്ങൾ മനസ്സിലൂടെ പോയി. ഒരു ദിവസം മുഴുവൻ ഓടിയ ബസ്സിനു ഒരാളുടെ പത്തു രൂപ ഒരു വലിയ ആന കാര്യവും അല്ല എന്ന് ഓർത്തപ്പൊ ചിരിയാണ്  വന്നത്.

  ഹാവൂ, എത്തി, അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം. പക്ഷെ ഇറങ്ങണമെങ്കിൽ എത്ര കാലുകൾ ചവിട്ടി പോകണം, ഒരു സൂചി കുത്താൻ പോലും സ്ഥലം ഇല്ല, പിന്നെയാ കാല് . നുഴഞ്ഞു കയറി, കാലുകൾ താണ്ടി ഡോറിനടുത്ത് അടുത്ത് എത്തിയപ്പോ ഒരു പ്രായം ചെന്ന ആളുടെ കാലിൽ അറിയാതെ ഒന്ന് ചവിട്ടി.

   "നിനക്ക് കണ്ണു കാണില്ലേഡാ നായിന്റെ ********** @₹#@. (സെൻസർ ചെയ്തു) അയാൾ അത്രയും കാലം പഠിച്ചു വെച്ച തെറികൾ മുഴുവനും വിളിച്ചു കൊണ്ട് തിരിച്ചു അത് പോലെ ചവിട്ടി. പകരത്തിനു പകരം. അതും വെളുത്ത പാന്റ്സിൽ. അടിപൊളി ബ്രാൻഡ്‌  ചെരിപ്പാ, പേര് വരെ പതിഞ്ഞു. പക്ഷെ, തിരിച്ചു മറുപടി ഒന്നും പറയാതെ ബസ്‌ ഇറങ്ങി. കേറുമ്പോ ഉണ്ടായിരുന്ന തലവേദനയും, ഇപ്പൊ കിട്ടിയ ചവിട്ടും, കേട്ട തെറികൾ മനസ്സിൽ ഉണ്ടാക്കിയ മുറിവും എല്ലാം കൂടി സഹിച്ചു വീട്ടിലേക്കു നടന്നു. നടു നിവർത്തി ഒന്ന് മയങ്ങാൻ.
------------------------------------------------------------------------------------------------------------

ഇത് ഒരു സാങ്കൽപ്പിക കഥയാണ്‌. കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവർക്കോ, മരിച്ചവർക്കോ, ഇനി ജനിക്കാൻ പൊകുന്നവർക്കൊ ആയി എന്തെങ്കിലും സാമ്യമുണ്ടെങ്കിൽ നിങ്ങളുടെ വെറും തോന്നൽ മാത്രമാണ്. ഹല്ലാ പിന്നെ..!

ഈ കഥ എല്ലാ ബസ്‌ യാത്രക്കാർക്കും, 5 മണിക്ക് ശേഷം പണി കൊടുക്കുന്നവര്ക്കും, ആ പണി കിട്ടുന്നവർക്കും സമർപ്പിക്കുന്നു.
                                         സുഹൈൽ സൂർപ്പിൽ.