Sponsered link




യാ മാ ഹാ.. ഭാഗം ഒന്ന്

                              " അതിന് ചെക്ക് കിട്ടേണ്ടേ?"


ഇസ്മായീലിനെ ചീത്തവിളിച്ച് ഇറങ്ങി പോരുമ്പോൾ മനസ്സിലെ ചിന്ത മുഴുവൻ ഇനി കാണുന്നവരോട് എന്ത് പറയുമെന്നായിരുന്നു. ഇനി ഇക്കാര്യം അറിയാത്തവരായി ആരും തന്നെ ഇല്ല. അറിയാൻ ബാക്കി ഉണ്ടെങ്കിൽ അത് പള്ളിക്കലെ മുസ്ല്യാർ മാത്രം ആയിരിക്കും. കണ്ണിൽ ഇരുട്ട് കയറി. കേൾക്കുന്നവരുടെ കളിയാക്കലുകൾ മനസിൽ അലയടിച്ചു.


മഴയുടെ വരവ് കണ്ടപ്പോഴേക്കും കരണ്ട് പോയിരുന്നു. ഇരുട്ടിന്റെ മറവിലൂടെ ശബ്ദമുണ്ടാക്കാതെ വീട്ടിലെത്തിയ എനിക്ക് പിഴച്ചു. നേരെ ചാടിയത് പെങ്ങളുടെ മുന്നിലേക്കും. വെറും കയ്യോടെ തിരിച്ചു വരുന്ന എന്നെ കണ്ട് അവൾ ചിരിയോട് ചിരി. എന്ത് പറയണമെന്നറിയാതെ ഞാനും. ആ ചിരിക്കിടയിലേക്ക് ഉപ്പ കേറി വന്നിട്ട് പറഞ്ഞു. " അവൻ ഈ ദിവസം മുൻകൂട്ടി കണ്ട് ഒരു പാട് കണക്ക് കൂട്ടലുകൾ നടത്തി. ഇന്ന് തന്നെ അത് നേടിയെടുക്കുമെന്ന ദൃഢനിശ്ചയം (Determination എന്നാണ് പറഞ്ഞത് ) മാത്രം മതി ജീവിതത്തിൽ വിജയിക്കാൻ " . അതോടെ എന്റെ മനസ്സ് തണുത്തു.

------------------ ആറ് മാസങ്ങൾക്ക് മുമ്പ്------------------


ആറു മാസത്തെ ശമ്പളം സ്വരൂപിച്ച് ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചു. ഉടൻ തന്നെ ഫേസ് ബുക്കിൽ ഒരു ഇവന്റ് ഉണ്ടാക്കി. " ബൈ എ ബൈക്ക് ". എന്നിട്ട് ഫ്രണ്ട് ലിസ്റ്റിൽ ഉള്ള സകല ആൾക്കാരേയും ഒരു ബൈക്ക് നിർദേശിക്കാനായി ക്ഷണിച്ചു. പലരും ബഡ്ജറ്റ്, മൈലേജ്, എല്ലാം നോക്കി വാങ്ങാൻ പറഞ്ഞു. എന്നാൽ ഉപ്പാക്ക് ഫെയ്സ് ബുക്കില്ലാത്തോണ്ട് നേരിട്ട് തന്നെ പറഞ്ഞു.

"റീസെയിൽ വാല്യൂ ഉള്ളത് വാങ്ങിക്കോ"
"അതിന് ഞാൻ ഇത് വിൽക്കുന്നില്ലല്ലോ!!"

കുറേ ആലോചിച്ചു. മനസ്സിന് ഇഷ്ടപ്പെടുന്ന ഒന്നും കിട്ടിയില്ല. പെണ്ണ് കാണാൻ പോയ പോലെ ഒന്നും ഒത്തു വരുന്നില്ല. അങ്ങനെയിരിക്കെ ഓഫീസിലെ പത്രത്തിന്റെ കൂടെ ഒരു പോസ്റ്റർ ശ്രദ്ധയിൽ പെട്ടു. നാഷണൽ യമഹ എന്ന ഷോറൂമിന്റെ ആയിരുന്നു. വിളിക്കാനുള്ള മടി കാരണം ഞാൻ അവരുടെ മെയിലിലേക്ക് ഒരു സന്ദേശം അയച്ചു.

" യമഹ എഫ് സി ബ്ലാക്ക് എന്ത് വിലവരും? മുൻകൂർ ബുക്കിംഗ് ആവശ്യമാണോ? ആദ്യ തവണ എത്ര അടക്കണം" എന്നൊക്കെ ആയിരുന്നു ഉള്ളടക്കം. അഞ്ച് മിനിട്ടിനുള്ളിൽ മറുപടി ലഭിച്ചു. ബുക്കിങ് ഒന്നും വേണ്ട. നിങ്ങൾ ഷോറൂമിൽ വന്നാ മതി.! മറുപടി നൽകിയയാൾ ഇസ്മായീൽ.

അടുത്ത ദിവസം തന്നെ ഷോറൂമിൽ പോകാൻ തീരുമാനിച്ചു. ഞാൻ എന്റെ മനസ്സിലുള്ള മാന്ത്രിക തിയതി പറഞ്ഞു. രണ്ടായിരത്തി പന്ത്രണ്ടാമാണ്ട് നവമ്പർ മാസം പത്ത്! എന്ന് വെച്ചാൽ 10.11.12. അന്നെനിക്ക് വണ്ടി കിട്ടണം. ഇനിയും ഒരു 20 ദിവസം ഉണ്ട്. ആ ഡേറ്റ് ആണ് എല്ലാരോടും പറഞ്ഞിട്ടുള്ളതും. ബുക്കിങ് ഒന്നും ആവശ്യമില്ലല്ലോ ല്ലേ?

അവൻ സമ്മതിച്ചു.  പിന്നീട് അവൻ പറഞ്ഞ് തുടങ്ങി. ഇരുപത്തി അയ്യായിരം രൂപ ആദ്യം അടക്കണം. ബാക്കി ഓരോ മാസം 3063 രൂപ വെച്ചും പോകും. പക്ഷേ ഒരു പ്രശ്നം. ചെക്ക് ബുക്ക് വേണം. 2009 ൽ തുടങ്ങിയ ഫെഡറൽ ബാങ്ക് അക്കൗണ്ട് മാത്രമേ ഉള്ളൂ. അതും സ്റ്റുഡന്റ്സ് അക്കൗണ്ട്. അതിൽ ചെക്ക് ബുക്ക് ഇല്ല.

ഞാൻ ആണെങ്കിൽ എല്ലാരോടും പറഞ്ഞും പോയി. അന്ന് തന്നെ വണ്ടി ഇറക്കുമെന്ന്. പൈസയേക്കാൾ വില അപ്പോഴുള്ള വെറും കടലാസ് കഷ്ണങ്ങൾക്ക് വേണ്ടി അപേക്ഷിക്കാൻ ഞാൻ ബാങ്കിലേക്ക് ഓടി.

(തുടരും)

Post a Comment

2 Comments