Sponsered link




യാ മാ ഹാ.. ഭാഗം മൂന്ന്

                           "ഫുൾ ടാങ്ക് പെട്രോൾ അടിക്കാം"

വെള്ളിയാഴ്ച്ച ഓഫീസിലു പോലും പോകാതെ നേരെ പോയത് ഷോ റൂമിലേക്കാണ്. ഇസ്മായിലാണെങ്കിൽ ഫോണും എടുക്കുന്നില്ല. നാളെയാണ് ആ ദിവസം. രണ്ടിലൊന്ന് അറിയാൻ തന്നെയാണ് ഞാൻ പോകുന്നത്. അഡ്വാൻസ് തുക ആണെങ്കിൽ കൊടുത്തും പോയി. അതിൽ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

ബസ്സിറങ്ങി ഷോറൂമിലേക്ക് നടന്നു. ഒരു വണ്ടി പോലുമില്ല, എല്ലാം കാലി. ദേഷ്യം ഭാവിച്ച മുഖവുമായി ചെന്നപ്പോ ഞാൻ കണ്ടത് കസേരയിൽ ഊര വളച്ചിരിക്കുന്ന ഇസ്മായിലിനെയാണ്. സൽമാൻ ഖാൻ സിനിമ ദബങ്ക് രണ്ടാം പതിപ്പിലെ  "ദഗാബാസ് രേ" എന്ന പാട്ടും കേട്ടിരിപ്പാണ്. അത് കേട്ട് ചെന്ന എനിക്ക് എന്നിലെ സൽമാൻ ഖാനെ പുറത്തെടുക്കേണ്ടി വന്നു.


എന്നാൽ, എന്നെ തണുപ്പിക്കാൻ സെയിൽസ്മാൻ സുബൈർ എത്തി. ദബങ്കിലെ നായികയെ പോലെ. കസ്റ്റമർ ലോഞ്ചിലിരുത്തി കാര്യങ്ങൾ പറഞ്ഞു. എത്തുമെന്ന് പ്രതീക്ഷിച്ച ലോഡ് വൈകിപ്പോയി. നമ്മുക്ക് എന്ത് വേണങ്കിലും ചെയ്യാം. പക്ഷേ എന്തു ചെയ്താലും നാളെ വണ്ടി കിട്ടില്ലല്ലോ. അവസാനത്തെ അടവെന്ന പോലെ വേറൊരാൾ രംഗ പ്രവേശം ചെയ്തു.  നഷ്ടപരിഹാരമെന്ന നിലയിൽ വണ്ടി വരുന്ന അന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ച് തരാം. അപ്പൊ എന്റെ മനസ്സ് തണുത്തു. എന്നാലും മുഖത്ത് ഭാവ വ്യത്യാസമില്ലാതെ എണീറ്റു. പോകാൻ നേരം സുബൈർ

"സർ, ഞങ്ങളുടെ വക ഒരു സ്പെഷൽ ഗിഫ്റ്റ് തരാം" .
" എന്നാൽ ഹെൽമെറ്റ് തന്നെ തന്നേക്കൂ " എന്ന് ഞാനും. ഉള്ള മുറക്ക് തരാമെന്നും, ഇനി ലോഡെത്തിയാൽ വീട്ടിൽ വണ്ടിയെത്തിക്കാമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. ആ ഗാന രംഗത്തിലെ അവസാനം പോലെ അവനും അവളും ഒരുമിച്ച് ഡാൻസ് കളിച്ച് പിരിയുന്ന പോലെ ഞാൻ ആ റൂമിൽ നിന്നിറങ്ങി.

പിന്നെ ഒരാഴ്ചക്ക് ഫെയ്സ് ബുക്കിൽ തോണ്ടാൻ പോയില്ല. പയ്യന്മാർ കളിയാക്കിയെങ്കിലും, ആ ഒരു ദിവസത്തേക്ക്  മാത്രമായി ഒതുങ്ങി. പതുക്കെ ഞാനും യാഥാർത്യവുമായി പൊരുത്തപ്പെടാൻ തുടങ്ങി. നവംബർ അവസാനത്തെ ശനിയാഴ്ച്ച 24 ന് വിളി വന്നു. ലോഡ് വന്നു. തിങ്കളാഴ്ച്ച വണ്ടി എടുത്ത് കൊണ്ട് പോകണം എന്നായിരുന്നു പറഞ്ഞത്. അന്ന് പറഞ്ഞ ഡെലിവറി ബോയ് ആയിരുന്നു അത്. " വീട്ടിൽ എത്തിച്ച് തരാ"മെന്ന് പറഞ്ഞ ആൾക്കാർ തന്നെയാണോ ഈ പറയുന്നെ എന്ന് തോന്നിപ്പോയി.

അങ്ങനെ തിങ്കളാഴ്ച്ച ഓഫീസിന് അവധി കൊടുക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ എന്റെ സുഹൃത്ത് ഫലാഹിനെ വണ്ടിയെടുക്കാൻ പറഞ്ഞയച്ചു. ഞാൻ ഇസ്മായീലിനെ വിളിച്ചു. എടുത്തില്ല. കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ചു.

" ഞാനല്ല, എന്റെ സുഹൃത്താണ് വരുന്നത്. ആ ഫുൾ ടാങ്ക് പെട്രോൾ മറക്കണ്ട"
"എപ്പോഴും ഇങ്ങനെ വിളിക്കണമെന്നില്ല. ബാക്കി ഉള്ളവർ കണ്ടാൽ അവർക്കും കൊടുക്കേണ്ടി വരും".  അങ്ങനെ ഒരേ സമയം മൂന്ന് വാഗ്ദാനങ്ങൾ പാഴായി. പറഞ്ഞ സമ്മാനം ഇല്ല. ഫുൾ ടാങ്കിനു പകരം രണ്ടോ മൂന്നോ ലിറ്റർ പെട്രോൾ മാത്രം. എന്നാലും ഇതിലും വലുതെന്തോ വരാനിരുന്നു. അതിങ്ങനെ തീർന്നു എന്ന് സമാധാനിച്ചു. പതിനാറ് ദിവസം വൈകി നവമ്പർ ഇരുപത്തിയാറാം തിയതി ഞാനൊരു എഫ് സീ മുതലാളിയായി മാറി.



----(ശുഭം)------

കസ്റ്റമർ സർവ്വീസ് അത് ഏത് മേഖലയിൽ ആയാലും  നുണ പറയാൻ തുടങ്ങിയാൽ പിന്നീട് അങ്ങോട്ട്  അത് നമ്മെ വിട്ട് പോവില്ല. ചിലർ വരുമ്പോൾ ഇന്ന് ലീവാണ് എന്ന് വരെ മറ്റുള്ളവരെ കൊണ്ട് പറയപ്പിക്കേണ്ടിവരും. ഇവിടെയും , അവരുടെ കാരണമല്ലായിട്ടും പല വിധ നുണകളും പറഞ്ഞ് എന്നെ അനുനയിപ്പിച്ചു. അങ്ങനെ രാവിലെ തൊട്ട് നുണ പറയില്ലെന്ന് നിശ്ചയിച്ച് അത് പാലിക്കാൻ പറ്റാത്ത കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകൾക്കും,  അവരെ ചൊറിഞ്ഞ് നുണ പറയിപ്പിക്കുന്ന നല്ലവരായ ഉപഭോക്താക്കൾക്കും സമർപ്പിക്കുന്നു.

Post a Comment

0 Comments