Sponsered link




ദ് റൊമാന്റിക്‌ റോപ് (The Romantic Rope)

                         ഏറെ നേരമായി ഈ ഇരുട്ട് നിറഞ്ഞ വരാന്തയിൽ കിടക്കുന്നു. എന്റെ കൂടെ തൂങ്ങി കിടന്നവർ എല്ലാം ഇപ്പൊ സുരക്ഷിത സ്ഥലങ്ങളിൽ ഇരിപ്പുറപ്പിചിട്ടുണ്ടാകും. ഞങ്ങളെ ഒരുമിച്ച് അവൻ വാരി എടുത്തതാ, പക്ഷെ ഞാൻ വീണത്‌ അവനറിഞ്ഞില്ല. വരട്ടെ, നേരം ഒന്ന് വെളുത്തോട്ടെ എന്നെ തേടി വരും അവൻ. അതിനിനിയും സമയം ഉണ്ട് താനും. അത് വരെ എന്ത് ചെയ്യും?

      ഞാൻ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. മുകളിലേക്ക് നോക്കിയപ്പോ അതാ അവൾ, പിങ്ക് മേനിയിൽ റോസ പൂവുകൾ വരച്ചു വെച്ചിരിക്കുന്നു. അവൾ തൂങ്ങുന്ന കയറിലേക്ക് എങ്ങനെ എത്തും? നടക്കാനോ പറക്കാനോ കഴിയാത്ത ഞാൻ. അവളാണെങ്കിൽ ആരെയും കൂസാതെ തൂങ്ങി കിടക്കുന്നു. ഏതോ വലിയ വീട്ടിലെ പുള്ളിയാ. എങ്ങനെയെങ്കിലും അവളുടെ അരികിൽ എത്തണം.

       പുറത്തു അടുത്ത മഴുക്കുള്ള അടയാളങ്ങൾ കണ്ടു തുടങ്ങി. ശക്തമായി ഒരു കാറ്റു വീശി.ആ കാറ്റെന്നെ എടുത്തു അവളുടെ അരികിൽ എത്തിച്ചു. കൂടെ മഴയും തകർക്കാൻ തുടങ്ങി. ഞാൻ അവളോട്‌ ചേർന്ന് നിന്നു. പക്ഷെ എന്നെ കണ്ട ഭാവം അവളുടെ മുഖത്തില്ല. എന്നാലും, ഞാൻ പതിഞ്ഞ ശബ്ധത്തിൽ ചോദിച്ചു.

              "കുട്ടി എവിടെ ഉള്ളതാ?"
               "ഞാൻ 6B യിലെ ഡോക്ടറുടെ വീട്ടിലാ"
               "അയ്യോ, നമ്മൾ അയൽക്കാരാണല്ലോ, ഞാൻ 6C യിൽ ആണ്, ഞാൻ നീലൻ"
                "ഞാൻ പിങ്കി"
             

       അവളെ കണ്ട മാത്രയിൽ ഉള്ളിൽ പ്രണയം മൊട്ടിട്ടു. എങ്ങനെ പറയും എന്ന്  ശങ്കിച്ചിരിക്കുമ്പോഴാണ് ഒരു ഇടി മുഴങ്ങിയത്. അതെ വേഗത്തിൽ പിങ്കി എന്നെ കെട്ടിപിടിച്ചു. അവൾക്ക് ഇടി മിന്നൽ പേടി ആയതു എന്റെ ഭാഗ്യം. എന്തോ പോയ അണ്ണാനെ പോലെ ഞാനും അങ്ങനെ നിന്നു. ഇടി മുഴക്കം നിന്നപ്പോ അവൾ എന്നിൽ നിന്നും പിൻ വലിഞ്ഞു. അവളുടെ കണ്ണുകളിലെ നാണം ഞാൻ കണ്ടു.

          കെട്ടിപിടുതത്തിന്റെ ഹാങ്ങ്‌ ഓവർ മാറുന്നതിനു മുമ്പ് ഞാൻ അവളെ പ്രപോസ് ചെയ്തു. അവൾ മിണ്ടിയില്ല.

              "എന്താ എന്നെ ഇഷ്ടായില്ലേ??"
               "എന്റെ വീട്ടുകാർ സമ്മതിക്കില്ല"
               "അതിനെന്താ? എത്ര വലിയ വീട്ടിലാണെങ്കിലും നമ്മൾ ഒരു പോലെ അല്ലെ? ഡോക്ടറുടെ വീട്ടിലാണെങ്കിലും, പാൽക്കാരന്റെ വീട്ടിൽ ആണെങ്കിലും നമുക്ക് ഒരേ വില അല്ലെ?"

    അവൾ മിണ്ടിയില്ല. ഞാൻ അവളുടെ അടുത്ത് ചെന്നു, കണ്ണിലേക്കു നോക്കി. കവിളിൽ ചുമ്പിച്ചു. പിന്നെ കെട്ടിപിടിച്ചു. ആ രാത്രി ഞങ്ങളുടെതായിരുന്നു. ആ കയറിൽ ഞാനും അവളും മാത്രം. ഞങ്ങൾ മനസ്സും ശരീരവും കൈ മാറി.

        ആരോ എന്നെ ചുരുട്ടി കൂട്ടി പിടിച്ചു കൊണ്ട് പോകുമ്പോഴാണ് നേരം വെളുത്തു എന്ന് ഞാൻ അറിയുന്നത്. അത് അവനാവും. ഇന്നലെ വൈകി ഉറങ്ങിയത് കൊണ്ട് നേരം വെളുത്തത് അറിഞ്ഞതെ ഇല്ല. അവൻ എന്നെ കൊണ്ട്   പോയി കട്ടിലിൽ ഇട്ടു. എന്നിട്ട് എന്നെ അണിഞ്ഞു. ഞാൻ അവന്റെ ശരീരത്തിൽ ചേർന്നിരുന്നു. പിന്നെ അവൻ പാന്റ്സും ഇട്ടു. ഓഫീസിലേക്ക് പോകാൻ ഒരുങ്ങുകയാ അവൻ.

      ഇനി വൈകുന്നേരം വരെ അവിടെ ഇരിക്കണം.അവിടെയും ഇരുട്ടാണ്‌. ഇടക്ക് സിപ്‌ തുറക്കുമ്പോ മാത്രം അല്പം വെളിച്ചം കാണാം. പെട്ടെന്ന് വൈകുന്നെരമാകാൻ ഞാൻ പ്രാർത്തിച്ചു. പിങ്കിയെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. അവൾ ഇന്ന് ആ ലേഡി ഡോക്ടറുടെ കൂടെ ആവും. വൈകീട്ട് കാണുമോ എന്തോ? മറ്റൊരു സുന്ദര രാത്രി സ്വപ്നം കണ്ടു ഞാൻ ഇരിന്നു.   


------------------------------------------------------------------------------------------------------------

ആരും തെറ്റി ധരിക്കരുത്. ഇത് ഷെഡികൾ തമ്മിൽ പ്രണയിച്ച കഥയാണ്‌. ഇത്രയും വായിച്ചിട്ട് മനസ്സിലായില്ലെങ്കിൽ ഒന്നും കൂടെ വായിക്കുക.

                                      സുഹൈൽ സൂർപിൽ.