Sponsered link




എട്ടിന്റെ പണി

ഒന്ന്

നേരം ഇരുട്ടി തുടങ്ങി, റോഡിൽ അരണ്ട വെളിച്ചം മാത്രം. വണ്ടികൾ അധികം ഇല്ല. ദൂരെ നിന്ന് ഒരു ബൈകിന്റെ ഹെഡ് ലൈറ്റ് പ്രകാശം, ബൈക്കിൽ പേടിച്ചരണ്ട മുഖവുമായി, വിയർത്തു കുളിച്ചു, ഒരു 20 വയസ്സ് പ്രായം തോന്നിക്കും. പരമാവധി ആക്സിലെട്ടർ കൊടുത്ത്, മീറ്ററിൽ 90 കിലോമീറ്റർ കാണിച്ചു...!! 

                "നിൽക്കടാ അവിടെ....!" 

തന്നെ ചയ്സ് ചെയ്യുന്ന ഗുണ്ടകൾ അലറി വിളിച്ചു. കയ്യിൽ മാരകായുധങ്ങൾ. തിരിഞ്ഞു നോക്കാതെ അവൻ പായിച്ചു. ഗുണ്ടകളും വിട്ടു കൊടുത്തില്ല. ഇനി മുന്നോട്ടു പോകാൻ വഴി കാണുന്നില്ല. അവൻ ബൈക്ക് താഴെ ഇട്ടു ഓടി. കൂടെ ഗുണ്ടകളും. ഒരു പണി തീരാത്ത കെട്ടിടത്തിലേക്ക് ഓടി കയറി. അവൻ ഒരു വാതിനിടയിൽ ഒളിച്ചു. 

ഗുണ്ടകൾ തിരച്ചിൽ നിർത്തി പോകാൻ നേരത്ത്, എല്ലായിപ്പോഴും സംഭവിക്കുന്നത്‌ തന്നെ സംഭവിച്ചു...! 
     
                      "നെഞ്ചിനുള്ളിൽ നീയാണ്.. കണ്ണിൽ..." 

പ്രിയതമയുടെ കാൾ.  ഫോണ്‍ കട്ട്‌ ചെയ്തപ്പോഴേക്കും ഗുണ്ടകൾ അവനെ കണ്ടിരുന്നു. നിസ്സഹായനായി അവൻ ചുവരിൽ ചാരി നിന്നു. കണ്ണിൽ ചോരയില്ലാത്ത അവർ അവനെ വടിവാള് കൊണ്ട് ആഞ്ഞു വെട്ടി. 

                          അയ്യോ...! അയ്യോ...!


രണ്ട് 

നിലവിളി ശബ്ദവും, റൂമിലെ ഫാനിന്റെ ശബ്ദത്തിൽ ലയിച്ചു പോയി..! വെട്ടിയെടുത്ത കഴുത്ത് തലയിൽ തന്നെ ഉണ്ടെന്നരിഞ്ഞപ്പോഴാണ് അതൊരു ഓലക്കെലെ സ്വപ്നമാനെന്നരിഞ്ഞത്. കഴുത്ത് തലയിൽ ഉണ്ടെങ്കിലും, ഉടു തുണി കട്ടിലിലും, താൻ നിലത്തുമാണെന്ന് അവനു ബോധ്യമായി. ഉടു മുണ്ടെടുത്ത് നാണം മറച്ചു വാച്ചിലേക്ക് നോക്കിയപ്പോ, 6 മണി കഴിഞ്ഞു 10 മിനിറ്റ്. അപ്പൊ 6 മണി ആയിക്കാണും. അവന്റെ വാച്ചും, വീട്ടിലെ ക്ലോക്കും 15 മിനുട്ട് മുന്നിലാണ്. അത് കൊണ്ടാണ് അവൻ എല്ലായിടത്തും നേരത്തെ എത്തുന്നത്‌.

ഇനി അവൻ ആരാണെന്നു പറയാം. അവനാണ് സഹൽ. ഉമ്മയുടെ ഒരേയൊരു മകൻ. എന്ന് കരുതി വല്ലാതെ കൊഞ്ചിചോന്നുമല്ല അവനെ വളർത്തിയത്‌. പിന്നെ ഉള്ളത് രണ്ടു അനിയത്തിമാർ. ഒരളിയൻ ഉണ്ട്. മൂത്ത പെങ്ങളുടെ. സഹൽ, അവൻ 23 ലേക്ക് കടന്നു. 5 അടി എട്ട്. 67 കിലോ, വലിയ മോഹങ്ങൾ. എന്നാൽ, പുറമേ ഉള്ളവര്ക്ക് മുന്നിൽ ഇപ്പോഴും, കാര്യ ഗൗരവം ഇല്ലതവനാനെന്നു തോന്നിക്കും, എന്നാൽ, അവൻ കാര്യങ്ങൾ മുൻപേ കണ്ടു നീങ്ങുന്നവൻ ആണ്. പുറമേ അങ്ങനെയും, ഉള്ളിൽ പക്വതയും ഒളിപ്പിക്കുന്ന സഹൽ എന്ന ബിരുദ ധാരി.

ഇന്നൊരു നല്ല ദിവസമായിട്ട്, സ്വപ്നം കണ്ടത് ഭീകരതയും.  ഇനിയിപ്പോ കാര്യങ്ങൾ ഭംഗി ആയി നടക്കുമോ എന്തോ??? അങ്ങനെയുള്ള അന്ധ വിശ്വാസങ്ങൾ ഒന്നും ഇല്ല അവനു. നേരെ വാ, നേരെ പോ..!

ബ്രഷ് എടുത്തു, കക്കൂസിൽ കയറി, എല്ലാം തീർത്തു, കുളിക്കാൻ പുറത്തെ കുളിമുറിയിൽ പോയി.. പാട്ടും പാടിയുള്ള കുളി.. ആഹാ, എന്തൊരു തണുപ്പ്..!! കുപ്പായം ഇട്ടു ചായ കുടിക്കനിരുന്നു. ഉമ്മ ചോദിച്ചു,

                        "ഇന്ന് കിട്ടുമോ...??" 

                           "ഉം"

കണ്ണാടിയിൽ നോക്കി ഫ്രീക് മുടി ഒക്കെ ആക്കി വെച്ച്, കൂളിംഗ്‌ ഗ്ലാസ് ഒക്കെ എടുത്തു കറക്കി ഇറങ്ങിയപ്പോ, ചെറിയ പെങ്ങൾ ചൂലുമായി മുന്നിൽ. "ആഹാ, നല്ല കണി, ഇന്ന് കിട്ടിയത് തന്നെ..." മനസ്സില് മന്ത്രിച്ചു.  രണ്ടും കല്പിച്ചു യമഹ fz സ്റ്റാർട്ട്‌ ആക്കി.


മൂന്ന്.

ഭാസ്കരേട്ടൻ പറഞ്ഞു, "ഇതൊക്കെ എളുപ്പമാടാ, നമ്മുക്ക് അവിടെ വെച്ച് കാണാം, ഒരു 6.30 നു എത്തിയാ മതി." അന്ന് ഒരു കൂസലുമില്ലാതെ അവൻ  പുറപ്പെട്ടു. ഒരുപാട് പേരുണ്ടായിരുന്നു. സഹലിന്റെ പ്രായം മുതലുള്ളവർ മുതൽ 65 തികഞ്ഞവർ വരെ. തന്റെ ഊഴമാകുമ്പോ ഉള്ളിൽ ഒരു പേടി, അവൻ  പതുക്കെ പുറകിലേക്ക് മാറി നില്ക്കും. അങ്ങനെ അവന്റെ  ഊഴാമായി. അത് കുളമാക്കി. ഭാസ്കരേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു, 

                       "അത് പൊട്ടിച്ചു അല്ലെ..! നീ വാ, അടുത്ത ഒരു ദിവസം നോക്കാം "


സഹൽ ചേമ്പിലെ ഒരു ചിരി കൊടുത്തു കൊണ്ട് അന്ന് അവിടെ നിന്ന് മുങ്ങി. പിന്നെ അതിനെ പറ്റി ആലോചിച്ചില്ല. പിന്നെ ഒരു ഒന്നൊന്നര മാസം കടന്നു പോയി, അപ്പൊ ഭാസ്കരേട്ടന്റെ വിളി വന്നു.  സത്യം പറഞ്ഞാൽ സ്വന്തം  കാശ് കൊടുത്തു മുഴുവിപ്പിക്കാതെ ഒഴിഞ്ഞു മാറി നടക്കുക. പക്ഷെ അവിടെ വന്ന ആരെയും ഭാസ്കരേട്ടൻ വെറും കയ്യോടെ മടക്കിയിട്ടില്ല. 9 കൊല്ലമായി ഈ ഏര്പ്പാട് തുടങ്ങിയിട്ട് . ആ അർപ്പണബോധം അവരുടെ ആ വിളിയിൽ ഉണ്ടായിരുന്നു. 

                          "സഹൽ, അടുത്ത ചൊവ്വ നോക്കിയാലോ..?"

അവൻ ഏതായാലും സമ്മതിച്ചു. പക്ഷെ ഓഫീസിൽ എന്ത് പറയും..? രാജനോട്‌ എന്ത് പറയും?? കൂട്ടുകാരോട് എന്ത് പറയും??? അങ്ങനെ രാജനോട്‌ സത്യം പറഞ്ഞു. അവൻ മൊഴിഞ്ഞു. 
    
                         "കൂടെ ജോലി ചെയ്തിട്ട് ഒരുപാടായില്ലേ..? കിട്ടിയാൽ ചെലവുമായി വന്നാ മതി..!"


വീണ്ടും മൂളി, ഉമ്മയോട് അന്ന് പോയി കിട്ടുകയാണെങ്കിൽ വീട്ടിൽ  വരില്ലെന്നും, നേരെ ഓഫീസിലേക്ക് പോകുമെന്നും പറഞ്ഞിരുന്നു. പക്ഷെ വീട്ടിൽ തന്നെ പോയി. ചോറുമായി ഓഫീസിലേക്ക്. രാജൻ എന്നും ഉള്ള ചിരി പുറത്തു കാട്ടി കൂടുതൽ ഒന്നും പറയാതെ സീറ്റിൽ ഇരുന്നു. എന്നിട്ട് വൈകീട്ട് ഒരു ഉപദേശവും. "ഞാൻ ഒക്കെ നന്നായി പ്രാക്ടീസ് ചെയ്തിട്ടാ പോയത്. നീ അങ്ങനെ പോയി നോക്ക്." ഭാസ്കരേട്ടന്റെ വക അതൊന്നും അല്ലായിരുന്നു. പിന്നെ???

                 "എന്റെ സഹലെ, രാവിലെ വന്നിട്ട് Q നിന്നിട്ട് അത് പൊട്ടിച്ചു പോകാനാണെങ്കിൽ ഒരുങ്ങി പിടിച്ചു ഇങ്ങോട്ട് വരണ്ടാ..."

ഇത് കേട്ടതും മാനസ്സികമായി തളര്ന്ന അവൻ, ഓഫീസിന്റെ നേരെ മറുവശത്തുള്ള ഒരു ചെറിയ റൂമിൽ ആണ് കരുണ ഓഫീസ് ഉള്ളത്. മാക്സിമം ഭാസ്കരേട്ടനെ മുങ്ങി നടന്നു. ഒടുവിൽ പിന്നേം വന്നു വിളി, ഇപ്പ്രാവശ്യം ഓഫീസ് ഗേൾ ആയിരുന്നു. സഹൽ പ്രാക്ടീസിന് ചുങ്കത്ത് എത്തണം, അതും ഞായർ. നല്ല കഥ..!

അതും വേണ്ടെന്നു വെച്ചു അവൻ. ഇതിനിടയിൽ മൂന്നാം തവണയും പോയി. പക്ഷെ എന്നും സംഭവിച്ചതു തന്നെ ഫലം. ഇപ്രാവശ്യം ഒരു പൊടി പിഴച്ചു. പക്ഷെ, രാജനോട്‌ പറഞ്ഞിട്ടും, കമ്പനിക്കാരോട് പറഞ്ഞിട്ടും, എന്തിനു ഉമ്മയും പെങ്ങമ്മാരും വരെ അവനെ കൊച്ചാക്കി. 


നാല്.

കല്യാണ തലേന്നുള്ള ഒരുക്കത്തിലായിരുന്നു, രാത്രി ചോറ് വിളമ്പാൻ ഉള്ള ഒരുക്കങ്ങൾ തകൃതി ആയി നടക്കുന്നു. നെയ്ചോർ ആണ്. ടേബിൾ, സ്റ്റൂൽ എല്ലാം ഒരുക്കി വെച്ചു. അന്ന് ഫുൾ ടീം ഉണ്ടായിരുന്നു പന്തലിൽ. ലേയ്സു, അവനോടു ഒരു കാര്യം പറഞ്ഞാ പിന്നെ അത് മറക്കില്ല. സഹലിനോട് അവൻ ചോദിച്ചു:

                     "അല്ല ഭായ്, ഇത് വരെ കിട്ടിയില്ലേ??? ഞങ്ങൾ ITC ന്നു പോയി രണ്ടു പേർക്കെ കിട്ടതിരുന്നുള്ളൂ..!"

ഇത് കേട്ടതും, എന്തോ പോയ ആരോ പോലെ അവനും ആലോചിച്ചു. ശെരിയാ..! അവിടെ 100 വന്നതിൽ, 4 പേർക്കൊക്കെയാ കിട്ടാതെ വരുന്നത്. ആ കൂട്ടത്തിൽ ഞാനും. എന്താ ഇങ്ങനെ?? സ്ത്രീകളുടെ കാര്യമെടുത്താൽ അവർക്കാണ് കിട്ടാൻ പാട്. ഇപ്പൊ അവന് പെണ്ണുങ്ങളെ പോലെ ആയ ഒരു ഫീലിംഗ്. ലേയ്സു തുടര്ന്നു:

            "എടാ ചെക്കാ, നീ മൂന്നു തവണ പോയിട്ടെന്തായി??? ഇതാ പറയുന്നത് ദൈവത്തിൽ വിശ്വാസം ഒക്കെ വേണം എന്ന്...! ഞാൻ നേര്ച്ചപെട്ടിയിൽ പൈസ ഇടാം എന്ന് നേർന്നിട്ടാ പോയത്."

സഹൽ വിട്ടു കൊടുത്തില്ല. "ഡാ, നിങ്ങള്ക്ക് എന്തെങ്കിലും കാര്യം നേടിയെടുക്കാൻ വേണ്ടി വരുമ്പോഴാണ് അവരെ ഒക്കെ ഓര്ക്കുക അല്ലെ???"

"നീ വെറുതെ വാദിക്കാൻ പറയേണ്ട, നീ ഒന്ന് നേർന്നിട്ടു പോ, അപ്പൊ കാണാം." നൗഷാദ് പിന്താങ്ങി. 

സഹൽ, അവനു ദൈവത്തിൽ മാത്രേ വിശ്വാസമുള്ളൂ, അല്ലാതെ ഈ തേർഡ് പാർട്ടിക്കാരെ അവനു വിശ്വാസമില്ല. എന്നാലും, മനസ്സില്ലാ മനസ്സോടെ അവൻ നേർന്നു, ആരും അറിഞ്ഞില്ല, ആരോടും പറഞ്ഞില്ല.

എല്ലാവരും ഉണ്ണാനിരുന്നു. സഹൽ അസ്വസ്ഥനായിരുന്നു.  ചോറുള്ള പ്ളേറ്റിൽ അവൻ ഒരു വലിയ എട്ടു വരച്ചു. എന്നിട്ട് പറഞ്ഞു, ഇതിനു വേണ്ടിയിട്ടാ ഞാൻ. ദാ ഇങ്ങനെ വന്നു അങ്ങനെ അവസാനിപ്പിക്കുക. ഇത് കണ്ടു കൂടെ ഇരുന്ന എല്ലാവരും ചിരിച്ചു. ലേയ്സു വീണ്ടും ശവത്തെൽ കുത്തുന്ന കമന്റ്‌. 

            "ഇവിടെ അല്ല, അവിടെ പോയി ഇട്ടു കൊടുക്ക്‌.. എന്നിട്ട് ആണാണെന്നു തെളിയിക്ക്‌."

മറുപടി പറയാതെ വരച്ച എട്ടിലേക്ക് അവൻ കറി ഒഴിച്ച് കഴിക്കാൻ തുടങ്ങി.

അഞ്ച് 

ബൈക്കിൽ പായുമ്പോൾ മുമ്പ് സംഭവിച്ച കാര്യങ്ങൾ എല്ലാം ഒന്ന് ഓർത്തു. രാവിലെ കണ്ട സ്വപ്നം, ചൂല്, സുഹൃത്തുക്കളുടെ പരിഹാസം, ഭാസ്കരേട്ടന്റെ തെറി, ഇന്നിനി കിട്ടിയില്ലെങ്കിൽ ഒരു തവണ കൂടി ലേണിംഗ് എഴുതേണ്ടി വരും, ആറു മാസമാണ് കാലാവധി. ഇന്ന് അത് തീരുകയാണ്. അത് കൊണ്ടാണ് ഭാസ്കരേട്ടൻ ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞത്. ഓഫീസിൽ അളിയൻ വീട്ടിൽ വരുന്നുണ്ട്, അത് കൊണ്ട് അല്പം വൈകും എന്നാ പറഞ്ഞിട്ടുള്ളത്. ലേണിംഗ് തന്നെ കഷ്ടിച്ചാണ് പാസ്‌ ആയത്. എല്ലാരും പറഞ്ഞു അതൊക്കെ എളുപ്പമാകും എന്ന്. ഭാസ്കരേട്ടനും. എല്ലാം അറിയുന്നതായിരിക്കും.പൊതുവെ ഉപയോഗിക്കുന്നവ. 12 മാർക്ക്‌ വേണം പാസ്‌ ആവാൻ. ഒരു ചോദ്യം മാത്രം ബാക്കി, എന്റെ സ്കോർ 11. ഇത് തെറ്റിയാൽ പോയി.

                 "വാഹനം കയറ്റം കയറുമ്പോഴും, ഇരന്നുങ്ങുംപോഴും"

                    a)കയറുന്ന വാഹനത്തിനു പ്രാധാന്യം കൊടുക്കണം
                     b)ഇറങ്ങുന്ന വാഹനത്തിനു പ്രാധാന്യം കൊടുക്കണം
                      c)രണ്ടു വാഹനങ്ങൾക്കും പ്രാധാന്യം കൊടുക്കണം

അവൻ കണ്ണുമടച്ചു a സെലക്ട്‌ ചെയ്തു. അതെ, "താങ്കൾ വിജയിച്ചിരിക്കുന്നു" 


അത് പോലെയാ ഇന്നത്തെ അവസ്ഥ. ഇന്നത്തേത്  കൂടി പൊട്ടിച്ചാൽ പിന്നെ ആദ്യം തന്നെ തുടങ്ങണം. അപ്പൊ ഇന്ന് ഒരു ജീവൻ മരണ പോരാട്ടം തന്നെ ആണ്.  ബൈക്ക്  പറവണ്ണ എത്തി. എല്ലാവരും ട്രയൽ ഇടുന്ന തെരക്കിലാണ്. ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കി. ഒരു കമ്പി ഇളകി വീണു എന്നല്ലാതെ കൂടുതൽ ഒന്നും നടന്നില്ല. അവൻ നാണിച്ചു കമ്പിയും കുത്തി വെച്ചിട്ട് പോകാൻ നേരത്ത് ട്രയൽ ഇടാൻ പഠിപ്പിക്കുന്ന ഏട്ടൻ പറഞ്ഞു.
  
              "ഇതൊക്കെ പഠിച്ചിട്ടു വന്നൂടെ??"

അത് കേട്ടതും അന്നത്തെ മൂഡ്‌ എല്ലാം പോയി. ഭാസ്കരേട്ടൻ ഇത് കണ്ടിട്ട് പൂരാ ചിരി. എന്നിട്ട് സഹലിനോട് പറഞ്ഞു:

        "ഡാ, ഇതാ നിന്റെ പേപ്പർ, അറിയാമല്ലോ, ഇന്ന് ലാസ്റ്റ് ദിവസമാ..! കിട്ടിയില്ലെങ്കിൽ അറിയാമല്ലോ, നീ ഒന്ന് സീരിയസ് ആകൂ..!!"

അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഒന്ന് മൂളി. ഭാസ്കരേട്ടൻ തുടർന്നു:

            "അല്ലെങ്കിൽ വേറെ വഴി നോക്കേണ്ടി വരും."

ആ പറഞ്ഞതിന്റെ അർത്ഥം അവനു മനസ്സിലായില്ല. അങ്ങനെ RTO വന്നു. എന്നും പറയാറുള്ളത് പോലെ തുടങ്ങി. 

              "ഡ്രൈവിംഗ് ഈസ്‌ ആൻ ആർട്ട്‌...." "അകകണ്ണ്‍ വേണം.." പിന്നെ, കൈയ്യു കൊണ്ടുള്ള സിഗ്നൽ മറ്റുള്ള ഹെവി ഡഡ്രൈവർ മാരോട് കാണിക്കാൻ പറഞ്ഞു.. "പിന്നെ എല്ലാവര്ക്കും വിജയാശംസകൾ"

കേട്ട് തഴമ്പിച്ച വാക്കുകൾ ആയതു കൊണ്ട് അവനു ഒന്നും തോന്നിയില്ല. അങ്ങനെ നാലാം തവണയും വരിയിൽ നിന്നു. 

ആറ് 

M80, എന്ന് കേള്ക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് മീൻ കച്ചവടക്കാരെ ആണ്. പക്ഷെ ഇന്ന് മീൻ കച്ചവടക്കാർ വരെ തള്ളി പറഞ്ഞു പൾസർ ഒക്കെ തെരഞ്ഞെടുത്തു. ഇപ്പൊ ഈ മഹാ സംഭവത്തിനാണ് ഉപയോഗിക്കുന്നത്. നമ്മൾ ഒന്നും ചെയ്യണ്ട, അതിൽ ഇരുന്നു ബാലൻസ് ചെയ്തു കാലു കുത്താതെ കമ്പി തള്ളിയിടാതെ എത്തിച്ചാ മതി.

അവന്റെ പ്രശ്നം ഊര വളയുന്നതായിരുന്നു.അത് പോലെ ഒരു വളവു ഉണ്ട്.. കമ്പി ടച്ച്‌ ചെയ്യാതെ ഓടിക്കണം അവിടെ. ഇവിടെ രണ്ടു ഭാഗത്താണ് കഴിഞ്ഞ മൂന്നു തവണയും പോയത്. ചുമ്മാ ഒരു ധൈര്യം സംഭരിച്ചു നില്ക്കുമ്പോഴാണ്, നമ്മുടെ ഭാസ്കർ വന്നു സഹലിനെ തട്ടി വിളിച്ചത്. 

 "ഇപ്പൊ അങ്ങോട്ട്‌ കയറണ്ട, അവസാനം നോക്കാം.കാശ് ഉണ്ടല്ലോ അല്ലെ??"

അപ്പോഴാണ്‌ നേരത്തെ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്‌. പൊരിഞ്ഞ വെയിൽ ആണ്. അത് കൊണ്ട്  ഒരു മരതണലിൽ അഭയം പ്രാപിച്ചു. എന്നിട്ട് എല്ലാവരും ചെയ്യുന്നത് നോക്കി നിന്നു. ആരും പൊട്ടിക്കുന്നില്ല, ഒരു സ്ത്രീ വന്നു ഒരു കൂസലുമില്ലാതെ ഇട്ടു പോയപ്പോ, മനസ്സിൽ വല്ലാത്ത വിഷമം തോന്നി. അവര്ക്ക് വരെ പറ്റുന്നു.. ഞാൻ മാത്രം എന്താ ഇങ്ങനെ?? 

അതിനിടയിൽ ഒരു പ്രായം ചെന്ന മനുഷ്യൻ പാമ്പ് ഇഴയുന്നത്‌ പോലെ കമ്പി മൂന്നെണ്ണം തള്ളിയിട്ടു. എല്ലാവരും ചിരിച്ചു. അവനൊഴികെ. കൂട്ടിനു ഒരാൾ എങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിച്ചപ്പോഴാണ് സഹലിനെ സർ വിളിച്ചത്. വേഗം ചെന്നു. അപ്പൊ ആരും നോക്കി നിക്കനില്ല. M80 തള്ളി തരുന്ന ആൾ മാത്രം. മൂപ്പരുടെ ഉപദേശം.

                    "നീ കാല് കുത്തരുത്, നേരെ പോയി അവിടെ ഒരു ഷീല കണ്ടോ?? അവിടെ എത്തി വളച്ചാ മതി."

ഒരു ചുവന്ന ഷീല കണ്ടു, അത് ഭാസ്കരേട്ടന്റെ ബുദ്ധി ആയിരുന്നു. "കൂടുതൽ ബലം കൊടുക്കാതെ, ബ്രേക്ക്‌ ചവിട്ടാതെ ഒന്ന് ചിറ്റിചാ മതി. മൂപ്പർ വീണ്ടും പറഞ്ഞു." 

രണ്ടും കല്പ്പിച്ചു അവൻ ഇരുന്നു. ഇത് വരെ ഉള്ള എല്ലാവരുടെയും അവന്റെ മനസ്സിലൂടെ പാഞ്ഞു. M80 നീങ്ങി തുടങ്ങി. കാലു കുതിയ്യില്ല. ഷീല വെച്ചതിനു സമാന്തരമായി ചുറ്റിച്ചു. ഒന്നിലും തൊടാതെ ഫിനിഷ്....!!!!!! 

M 80 നിലത്തിട്ടു അവൻ ചാടി എണീറ്റ്‌, ഒരു ഒന്നൊന്നര കോടി ലോട്ടറി അടിച്ച പോലെ സന്തോഷത്തിൽ ചാടി പേപ്പർ വാങ്ങിക്കാനായി RTO യുടെ അടുത്ത് ചെന്നു. മുകളിലത്തെ പേജ് കീറാതെ സർ എനിക്ക് തന്നു. എല്ലാ തവണയും ആദ്യത്തെ പേജ് കീരിയിട്ടാ തന്നിരുന്നത്. ഇന്ന് ടെസ്റ്റ്‌ പാസ്‌ ആയതു കൊണ്ട് അതിൽ ഒപ്പിട്ട് എനിക്ക് തന്നു. 

"ഡാ, ആ വണ്ടി നാളെയും ആവശ്യമുള്ളതാ..!" എന്നെ തള്ളി വിട്ട ഏട്ടൻ പറഞ്ഞു.
തിരികെ ചെന്ന് അത് പൊക്കിയെടുത്തു സ്റ്റാന്റ് ഇട്ടു. ഇനി ഉള്ളത് പേരിനൊരു റോഡ്‌ ടെസ്റ്റ്‌. അതും പൂർത്തിയാക്കി അടുത്ത വരിയിൽ നിന്നു.

എഴ്

അങ്ങനെ എവെരെസ്റ്റ് കീഴടക്കിയ സന്തോഷത്തിൽ നില്ക്കുമ്പോഴാണ്, ഒരാൾ RTO  യുടെ സഹായിയുടെ അടുത്ത് ചെന്ന് 500 ന്റെ ഗാന്ധി വെച്ച് കൊടുത്തത്. അത് വെച്ചതും ഒരു ടെസ്റ്റ്‌ പോലും ഇല്ലാതെ അയാൾടെ പേപ്പർ എടുത്തു ഒപ്പിട്ടു കൊടുത്തു. അപ്പൊ സഹലിന്റെ മനസ്സിൽ ഒരു നാലഞ്ചു ലടുകൾ പൊട്ടി. ഒരു കഷ്ടപ്പാടും ഇല്ലാതെ അയാള്ക്ക് ലൈസെൻസ്. കൂട്ടുകാരുടെയും, ഉമ്മയുടെയും പരിഹാസം കൂടാതെ, ഹും, അവൻ 4 തവണ അവിടെ എത്താൻ തന്നെ 500 ഏറെ മുടക്കിയിട്ടുണ്ട്. പക്ഷെ, ഒന്ന് അവൻ മനസ്സിൽ കുറിച്ചിട്ടു. അദ്വാനിച്ചു നേടിയതും കാശ് കൊടുത്തു വാങ്ങിയതും രണ്ടും രണ്ടു തന്നെയാണ്.

അങ്ങനെ തന്റെ പേര് വിളിച്ചു, അവൻ തന്റെ പേരിനു നേരെ ഒപ്പിട്ടു. ഒരാഴ്ചക്കുള്ളിൽ സാധനം കിട്ടും. അത് കഴിഞ്ഞു മൂത്ത പെങ്ങളെ വിളിച്ചു, കിട്ടിയ കാര്യം പറഞ്ഞു. അവൾ ദൈവത്തെ സ്തുതിച്ചു. അങ്ങനെ, ആറു മാസം നീണ്ടു നിന്ന ആ പ്രക്രിയ തീര്ന്ന സന്തോഷത്തിൽ ഭാസ്കരേട്ടനെ കണ്ടു യാത്ര പറഞ്ഞു, fz എടുത്തു കുതിച്ചു. നേരെ പഴയ ഓഫീസിലേക്ക്. അവിടെ ചെന്ന് അവൻ പറഞ്ഞു, ഒരു തവണ പൊട്ടി, ഇത് രണ്ടാം തവണയാ...!! ഉള്ളിൽ ചിരിച്ചു കൊണ്ട് അവൻ ഏസിയിൽ വിശ്രമിച്ചു.

അപ്പൊ രാജന്റെ കാൾ. 

             "കിട്ടിയെടാ, കിട്ടി.. ചെലവൊക്കെ അവിടെ വന്നിട്ട് തരാം.".

                "നീ വേഗം വാ.. ഇല്യാസ് സർ അന്വേഷിക്കുന്നു."

അപ്പോഴാണ്‌ അളിയൻ വീട്ടിൽ വന്ന നുണയാണ് അവിടെ പറഞ്ഞതെന്ന് ഓർത്തു. വേഗം എണീറ്റ്‌ ബൈക്ക് പറപ്പിച്ചു. ഓഫീസിൽ എത്തി പലരും അളിയന്റെ വിശേഷം തിരക്കി, അവൻ പറഞ്ഞു.. 

       "ഓ.. വല്യ പരിപാടി അല്ലായിരുന്നോ.. ഹി ഹി."

ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച നിമിഷം വേറെ ഇല്ല. ഇന്ത്യ ലോക കപ്പ്‌ എടുത്തപ്പോൾ വരെ. പെട്ടെന്ന് വൈകുന്നേരമായാൽ എന്ന് തോന്നിയ നിമിഷങ്ങൾ. എന്നാൽ അവരോടൊക്കെ വീമ്പ് പറയാമല്ലോ..! 

കേട്ട പാതി കേള്ക്കാത്ത പാതി ലൈസു പറഞ്ഞു.
           "ഇപ്പൊ എങ്ങനെയുണ്ട്? നീര്ച്ച പെട്ടിയിൽ പൈസ ഇടാൻ മറക്കേണ്ട. "

സഹൽ അപ്പൊ അന്ന് മനസ്സിൽ വിചാരിച്ചത് ഓർത്തു. പിറ്റേന്ന് തന്നെ 100 ന്റെ നോട്ടെടുത്ത് ഭാണ്ടാരത്തിൽ ഇട്ടു, അങ്ങനെ ആ കടവും തീർത്തു. കൂടാതെ രാജന്റെയും. 
ഒരാഴ്ചക്കുള്ളിൽ വന്നു, അപ്പൊ തന്നെ ATM രൂപത്തിലാക്കി പേഴ്സിൽ വെച്ചു. 

എട്ട്

ആയിടക്കാണ് അവനു ജോലി സംബന്ധമായി തൃശ്ശൂരിലേക്ക് മാറ്റം കിട്ടി. ആഴ്ചയിൽ വീട്ടിൽ വരാം. യാത്രക്കിടയിൽ പലയിടത്തും ടെസ്റ്റ്‌ നടക്കുന്ന സ്ഥലം കാണാറുണ്ട്. അപ്പോഴും അവൻ ഒരു പുഞ്ചിരിയോടെ പഴയ കാര്യങ്ങൾ ഓർക്കും. 

ചില സമയത്ത് സ്ത്രീകൾ ബൈക്കിൽ മല്ലി കെട്ടുമ്പൊ അറിയാതെ ചിരിക്കും, ഇതൊക്കെ എന്തോന്ന്, എന്ന മട്ടിൽ ഇരിക്കും. നല്ല വണ്ണം കഷ്ടപ്പെട്ട് നേടിയ ആ കാർഡ്‌ ഇത് വരെ ഒരു ID പ്രൂഫ്‌ ആയി പോലും കാണിക്കാൻ എടുത്തിട്ടില്ല. ഭദ്രമായി പെട്ടിയിൽ വെച്ച് പൂട്ടി, ഡ്യൂപ്ലിക്കേറ്റ്‌ പോക്കറ്റിൽ വെക്കുകയും ചെയ്തു. 

ആഹ്, അതാണ് എട്ടിന്റെ പണി. ഇത് എട്ടു ഒറ്റ തവണ കൊണ്ട് ഇട്ടവര്ക്കും, ഇത് വരെ അത് സാധിക്കതവർക്കും, ഇനി അതിനു മുതിരുന്നവർക്കും, ഭാസ്കരേട്ടനെ പോലെ ഉള്ള സാറുമാർക്കും  സമർപ്പിക്കുന്നു.

                     
                                                                                               എന്ന്, 

                                                                                               സുഹൈൽ സൂർപ്പിൽ