Sponsered link




വൈകി എത്തിയ വയനാടൻ എക്സ്പ്രസ്സ്!



ഐ സി യു വിൽ ഉള്ള ഏട്ടനേയും നോക്കി രാജേഷ് റിസപ്ഷനിലേക്ക് നടന്നു, ബില്ലടക്കാൻ. ആക്സിഡൻറായിരുന്നു, ഏട്ടന്റെ ഓട്ടോയിൽ മദ്യലഹരിയിൽ വന്ന സ്വിഫ്റ്റ് ഇടിക്കുകയായിരുന്നു. ബ്ലഡ് അറേഞ്ച് ചെയ്യാൻ ഫോണെടുത്ത് നാലഞ്ച് പേരെ റെഡിയാക്കി. സമയം രാത്രി ഒരു മണി കഴിയുന്നു.

ബില്ലടച്ചു റെസീപ്റ്റ് കയ്യിൽ തരുമ്പോൾ റിസപ്ഷനിസ്റ്റ് ഒരു ചിരി പാസ്സാക്കി. പകുതി അടഞ്ഞ കണ്ണുകളോടെ രാജേഷ് നോക്കി. ചുവന്ന മുഖക്കുരു, തടിച്ച കവിൾ, നീണ്ട മുടി, നുണക്കുഴികൾ, പ്രേമം സിനിമയിലെ മലർ മിസ്സിന് സാമ്യമുണ്ടായത് കൊണ്ടാവണം അവനു ബോധിച്ചു.

എന്റെ കൂടെ ഒരു ദിവസം ആറു പെണ്ണു കണ്ടതടക്കം നൂറ്റിമുപ്പതെണ്ണം ആയി ഈ മുപ്പത്തിയെന്നാം വയസ്സിൽ രാജേഷിന്. ജാതകം ശുദ്ധമല്ല! ഇനി ഒത്തു വന്നാ അവനോ പറ്റില്ല. അങ്ങനെ സെഞ്ചുറി അടിച്ച് നിക്കുമ്പോഴാണ്  റിസപ്ഷനിസ്റ്റ് രശ്മിയെ കാണുന്നത്.

അവൾക്ക് നൈറ്റ് ഡ്യൂട്ടി ആയത് കൊണ്ട് തന്നെ രാജേഷിന് എപ്പോഴും കാണാനും സംസാരിക്കാനുമുള്ള അവസരം കിട്ടി. വയസ്സ് പത്തൊൻപത് , ദേശം വയനാട്, ഇവിടെ ഹോസ്റ്റലിലാണ്. താഴെ ഒരു അനിയനും, പിന്നെ അച്ഛൻ, അമ്മ.

രണ്ട് ദിവസത്തിന് ശേഷം ഏട്ടൻ ഡിസ്ചാർജ്ജായി. ഇത്ര പെട്ടെന്ന് ആയത് രാജേഷിനെ വല്ലാതെ അലട്ടി. കാര്യം ഏട്ടനാണ്, കാശ് പോണ കേസാണ് പക്ഷേ നല്ലതൊന്ന് ഒത്തു വന്നതായിരുന്നു. കഴിഞ്ഞ രാത്രി,ബില്ല് സെറ്റിൽ ചെയുമ്പോ രണ്ടായിരത്തിന്റെ നോട്ടിന് ഇടയിൽ ഒരു പേപ്പറിൽ നമ്പർ എഴുതി വെച്ചിരുന്നു. അത് കണ്ടിരുന്നോ ആവോ!

ആദ്യമായിട്ടായിരിക്കും ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോ സങ്കടം വന്നിട്ടുണ്ടാവുക. ഇന്നു കൂടെ നിക്കാണെങ്കിൽ പറഞ്ഞിട്ട് പോകാമായിരുന്നു. അന്ന് വൈകീട്ട് മരുഭൂമിയിൽ ചെയ്ത മഴ പോലെ കിട്ടി ഒരു മിസ്ഡ് കോൾ!

സകല ടവർ ദൈവങ്ങളേയും വിളിച്ച് തിരിച്ചു വിളിച്ചു. അപ്പുറത്ത് രശ്മി. പിന്നീടങ്ങോട് മിഡ്നൈറ്റ് തൊട്ട് പുലരും വരെ കോളുകൾ, വാട്ട് ആപ്പ്. നാൽപ്പത്തിയെട്ട് മണിക്കൂർ കൊണ്ട് പ്രണയത്തിലായി! അതുവരെ രാജേഷ് ഒരാളെയും ഇത്രയുമധികം ഇഷ്ടപ്പെട്ടു കാണില്ല!

പ്രപ്പോസ് ചെയ്യാനായി അവസാനം തീരുമാനിച്ചു. "ലച്ചു ഏതാ ജാതി"..?
" ഞാൻ നായരാ "... ദേ കെടക്കണ്. തീയരയായ രാജേഷ് എങ്ങനെ നായർ രശ്മിയെ കെട്ടും? എന്നിട്ടും അവൻ പ്രപ്പോസ് ചെയ്തു. " അച്ഛൻ പറഞ്ഞാ ഞാൻ കേൾക്കും".

അത് വരെ ഉണ്ടായ കോമഡി സിനിമയിൽ പിന്നീടങ്ങോട്ട് ഫുൾ സെന്റിമെൻസ്. വാട്ട്സ് ആപ്പ് സീൻ ആവുന്നുണ്ട് നോ മറുപടി. കോൾ എടുക്കാതെ ആയി. പിന്നെ രണ്ടും കൽപ്പിച്ച് ഹോസ്പിറ്റലിൽ ചെന്നു . " ആളുകൾ ശ്രദ്ധിക്കുന്നു. ഏട്ടൻ ഒന്നു പോകാമോ?" എന്നിട്ടും ഗുഡ് മോണിംഗ്, ഗുഡ് നൈറ്റും അയക്കും സീൻ ആയ ബ്ലു ടിക്കും നോക്കി രാജേഷ് അട്ടം നോക്കി ഇരുന്നു.

                                        -ശുഭം-


ജാതിയും ജാതകവും നോക്കി കെട്ടുന്ന എല്ലാവർക്കും, നൈറ്റ് ഡ്യൂട്ടിയിലിരിക്കുന്ന രാത്രി സമയം പോക്കാൻ ചുമ്മാ ഒലിപ്പിക്കുന്ന റിസപ്ഷനിസ്റ്റുകൾക്കും സമർപ്പിക്കുന്നു!

                                                                     സുഹൈൽ സൂർപ്പിൽ.