Sponsered link




യാ മാ ഹാ.. ഭാഗം രണ്ട്.


                        " അതിന് ലോഡ്‌ വരേണ്ടെ?"

ആ കാലയളവിൽ ഏറ്റവും കൂടുതൽ വിറ്റു പോയിരുന്നത് യമഹയുടെ വൺ സിക്സ് എന്ന മോഡൽ ആയിരുന്നു. അതും കറുപ്പ് നിറത്തിലുള്ളത്. അതറിഞ്ഞാണ് ഞാൻ ആദ്യമേ ബുക്ക് ചെയ്യണമോ എന്ന് ചോദിച്ചത്. എന്നാൽ അതൊന്നും സാരമാക്കേണ്ട എന്ന മറുപടി കേട്ട ഞാൻ ഞൊടിയിടയിൽ ചെക്ക് ബുക്ക് സംഘടിപ്പിക്കാനായി ബാങ്കിൽ ചെന്നു.

കോളേജ് കാലത്ത് തുടങ്ങിയ ഫെഡറൽ ബാങ്കിലെ അക്കൗണ്ടാണ്. അതും വിദ്യാർത്ഥി എന്ന വകുപ്പിലും. ഇരുന്നൂറ്റി അമ്പത് രൂപയെങ്കിലും ബാലൻസ് വെക്കണമെന്ന്ക് പറഞ്ഞിട്ടും, വെറും ഇരുന്നൂറ്റിയമ്പത് പൈസ പോലും ബാക്കിയില്ലാത്ത പഴക്കം ചെന്ന അക്കൗണ്ട് . സാലറി വരുന്ന പൈസയൊക്കെ തീർത്തു അതിലൊന്നുമില്ല താനും.


ചെക്ക് ബുക്കിനായി ഞാൻ സഹായത്തിനായി ബാങ്കിൽ ചെന്നു. വിദ്യാർത്ഥി എന്ന വകുപ്പിൽ എടുത്ത എക്കൗണ്ടിന്റെ ജാതകം മാറ്റി എഴുതണം. എന്നിട്ട് ആയിരം രൂപ ബാക്കിയാക്കി നിർത്തുന്ന മുതിർന്നവർ എടുക്കുന്ന എക്കൗണ്ട് ആക്കി മാറ്റിയെടുക്കണം. എന്നിട്ട് ചെക്ക് ബുക്കിന് അപേക്ഷിക്കണം. ജാതകം മാറ്റി ചെക്ക് ബുക്ക് കിട്ടാൻ ചുരുങ്ങിയത് പന്ത്രണ്ട് പ്രവർത്തി ദിവസങ്ങൾ എടുക്കുമെന്ന് പറഞ്ഞു. കണക്കുകൂട്ടി നോക്കി. അഞ്ചാം തിയതിയെങ്കിലും എല്ലാം റെഡി ആകുമെന്ന് വെച്ച് ദിവസങ്ങൾ എണ്ണി ഞാൻ ഇരുന്നു.

ദിവസവും കടയിൽ പോസ്റ്റുമാൻ വന്നോ എന്ന് അന്വേഷിച്ചു തുടങ്ങി. പത്താം തിയ്യതി കഴിയുന്നതിന് മുമ്പെങ്കിലും കിട്ടുമെന്ന് ഞാൻ പ്രതീക്ഷ വെച്ചു. ഷോറൂമിൽ പോയി ബാക്കി ഉള്ള ഒപ്പുകൾ ഇട്ടു കൊടുത്തു. അന്നും ഞാൻ അന്വേഷിച്ചു. പത്തിന് കിട്ടില്ലേ ? അവസാനത്തെ ഒരു ബൈക്കു കൂടി കൈമാറുമ്പോൾ ഞാൻ ചോദിച്ചു.

" കിട്ടും , കിട്ടാതെ എവിടെ പോവാനാ?" എന്നും പറഞ്ഞ് ആദ്യ ഗഡുവായ ഇരുവത്തി അയ്യായിരം രൂപ ട്രാൻഫർ ചെയ്യാനുള്ള  അക്കൗണ്ട് നമ്പറും എഴുതി തന്നു. പിറ്റേന്ന് തന്നെ പൈസയും ഇട്ടു കൊടുത്തു. ജീവിതത്തിലെ ആദ്യത്തെ സമ്പാദ്യം. ഒരുമിച്ച് കൊടുത്തപ്പോൾ മനസ്സൊന്നു പിടഞ്ഞു. ദിവസം മുന്നോട്ട് പോകുമ്പോഴും പിടച്ചിലിന്റെ ആക്കം കൂടി. ചെക്ക് ബുക്ക് കിട്ടുമോ എന്നോർത്ത്.

ഫെയ്സ്ബുക്ക് ഇവന്റിലെ കമന്റ് വായിച്ചിരിക്കുമ്പോഴാണ് ചെക്ക് ബുക്കുമായി ഉമ്മ വരുന്നു. ആ മാന്ത്രിക തിയ്യതിക്ക് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി. നാളെ തന്നെ പോയി ചെക്ക് കൊടുക്കാനായി തയ്യാറെടുത്തു നിന്നു. ഉച്ച തിരിഞ്ഞ് എനിക്കൊരു കോൾ വന്നു. ഷോറൂമിലെ ഡെലിവറി വിഭാഗത്തിൽ നിന്നായിരുന്നു അത്.

"നിങ്ങൾ പറഞ്ഞ പത്താം തിയ്യതി രണ്ടാം ശനി ആണല്ലോ . അന്ന് വാഹന രജിസ്ട്രേഷൻ അവധിയാണ് ".

രണ്ടാം ശനിയാഴ്ച്ചയെ കുറിച്ച് ബോധവാനായ ആദ്യത്തെ ഡെലിവറി ബോയ് ആണ് അയാൾ എന്നെനിക്ക് തോന്നി പോയി.

"നിങ്ങൾ അന്ന് വണ്ടി തരൂ . രജിസ്ടേഷൻ തിങ്കൾ മതി".
" അത് പറ്റില്ല. അത് നിയമപരമായി ശരിയല്ലാ" . എനിക്ക് വീണ്ടും അശ്ചര്യം. നിയമ ബോധമുള്ള സെലിവറി ബോയ്. വണ്ടി വിറ്റു പോയാൽ കിട്ടുന്ന കമ്മീഷൻ കൂട്ടി നോക്കുന്നയാളാ ഈ നിയമം പറയുന്നേ.

ഞാനൊന്ന് ഘനം കൂട്ടിയൊന്നു ചോദിച്ചു.  "എന്താ പ്രശ്നം?"

മൂന്ന് ദിവസം മുമ്പ് ലോഡുമായി വന്ന വണ്ടി ഇത് വരെ ഷോ റൂമിൽ എത്തിയില്ലാ പോലും. ഞാൻ ചെക്ക് ബുക്ക് ചുരുട്ടിക്കൊണ്ട് ഇസ്മായീലിന്റെ നമ്പറിലേക്ക് വിളിച്ചു.


(തുടരും)

Post a Comment

0 Comments